പ്രമേഹരോഗികളില്‍ ഏകദേശം 95 ശതമാനം പേര്‍ക്കും type 2 പ്രമേഹമാണുള്ളത്. ഇന്‍സുലിന്‍െറ ഉല്‍പാദനക്കുറവോ പ്രവര്‍ത്തനക്ഷമതയിലുണ്ടാകുന്ന അപാകതകളോ ആണ് ഇക്കൂട്ടരില്‍കാണുന്ന അടിസ്ഥാന തകരാറ്. ഇവ പരിഹരിക്കാന്‍ ഇന്‍സുലിന്‍െറ പ്രവര്‍ത്തനക്ഷമത കൂട്ടാനുള്ള മരുന്നുകളാണ് പ്രമേഹരോഗികള്‍ക്ക് സാധാരണ ആദ്യം ലഭിക്കുന്നത്. metforminഎന്ന ഈ മരുന്ന് 1000 മി.ഗ്രാം മുതല്‍ 2000 മി.ഗ്രാം വരെ സാധാരണ കൊടുക്കുന്നു. കാണാന്‍ വലിയ ഗുളികയാണെങ്കിലും ‘വീര്യം’തീരെ കുറഞ്ഞവയാണിവ. ചുരുക്കം ചിലര്‍ക്ക് വയറിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതൊഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവയാണിവ. ചിലര്‍ക്ക് വര്‍ഷങ്ങളോളം ഈ ചികിത്സ മതിയാകും.
എന്നാല്‍, എന്തെങ്കിലും കാരണത്താല്‍ ഇവ ശരീരത്തിന് ചേരുന്നില്ലെങ്കില്‍ ഉപയോഗിക്കാറുള്ള മറ്റൊരു മരുന്നാണ് pioglitazone (പയോഗ്ളിറ്റസോണ്‍) പഞ്ചസാരയുടെ അളവ് കുറക്കാന്‍ കഴിവുള്ള ഈ മരുന്നിന് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. ശരീരം വണ്ണംവെക്കുക, എല്ലുകള്‍ക്ക് ബലക്ഷയമുണ്ടാക്കുക, ശരീരത്തില്‍ നീരുണ്ടാക്കുക മുതലായവയാണ് ഇതില്‍ പ്രധാനം. ചിലരില്‍ ഹൃദയത്തിനും ഇത് പ്രതികൂലമായി ബാധിക്കാം. മുമ്പ് 45 മി.ഗ്രാം വരെ കൊടുത്തിരുന്ന ഈ മരുന്ന് ഇപ്പോള്‍ കഴിവതും 7.5 മി.ഗ്രാമിന് മുകളില്‍ വേണ്ട എന്നാണ് ഇന്ത്യയിലെ പ്രമേഹരോഗ വിദഗ്ധരുടെ വിലയിരുത്തല്‍.
സിറ്റാഗ്ളിപ്റ്റീന്‍, സാക്സാഗ്ളിപ്റ്റിന്‍ മുതലായ ചില പുതിയ മരുന്നുകള്‍ ഇപ്പോള്‍ പ്രമേഹരോഗ ചികിത്സക്ക് വളരെ കൂടുതല്‍ ഉപയോഗിച്ചുവരുന്നു. പഞ്ചസാരയുടെ അളവ് ആവശ്യത്തില്‍ കൂടുതല്‍ കുറക്കില്ല എന്നതും പ്രമേഹരോഗത്തെത്തന്നെ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാന്‍ കഴിവുണ്ട് എന്നതും ഇത്തരം മരുന്നുകള്‍ക്ക് മറുനാടുകളില്‍ അതീവ പ്രചാരം നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, ഇതിന്‍െറ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമായതിനാല്‍ ഇന്ത്യയില്‍ ഇവക്ക് ഇപ്പോഴും അധിക പ്രചാരം നേടാന്‍ കഴിഞ്ഞിട്ടില്ല. ഒരു ഗുളികക്ക് ഏകദേശം 45 രൂപയോളം വരും.
സാധാരണ ഉപയോഗിക്കുന്ന ഇന്‍സുലിനെക്കാളും ചില ഗുണമേന്മകളുള്ള ‘അനലോഗ്’ ഇന്‍സുലിനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. സാധാരണ ഇന്‍സുലിനെക്കാളും ഏകദേശം രണ്ടര ഇരട്ടിയോളം വിലവരുന്ന ഈ പുതിയ ഇന്‍സുലിനും സാധാരണക്കാര്‍ക്ക് അപ്രാപ്ര്യമാണ്. ഇടക്കിടെ പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥ ഒരു പരിധിവരെ ഇത്തരം ഇന്‍സുലിന്‍ എടുക്കുന്നതിലൂടെ ഒഴിവാക്കാം.
ദിവസവും രണ്ടും മൂന്നും നാലും തവണ ഇന്‍സുലിന്‍ എടുക്കുന്നതിലും ഭേദം ഇന്‍സുലിന്‍ പമ്പുകള്‍ ഉപയോഗിക്കുന്നതാണ്. ലക്ഷങ്ങള്‍ ചെലവുവരുന്ന ഈ ചികിത്സാരീതി ഇന്ന് കേരളത്തില്‍ എല്ലായിടത്തും ലഭ്യമാണ്. പണക്കാരുടെ ഒരു ചികിത്സാരീതിയായി ഇത് മാറിയെങ്കിലും ഗര്‍ഭിണികള്‍ക്കും Type1 പ്രമേഹരോഗികള്‍ക്കും പഞ്ചസാര നിയന്ത്രണ വിധേയമാക്കാന്‍ പ്രയാസമുള്ള type2 പ്രമേഹക്കാര്‍ക്കും ഇത് ഉത്തമമായ ചികിത്സാരീതിതന്നെയാണ്.
ആഴ്ചയില്‍ ഒരു ദിവസം മാത്രം കുത്തിവെക്കാവുള്ള ‘എക്സിനിടൈഡ്’ എന്ന മരുന്നിനും പ്രചാരമേറിവരുന്നു. ശരീരഭാരം കൂടില്ല എന്നത് ഈ ചികിത്സയുടെ പ്രത്യേകതയാണ്.
പൊണ്ണത്തടി (BMI 35ന് മുകളിലുള്ളവര്‍) യുള്ളവരില്‍ പ്രമേഹരോഗത്തിന് കാരണം ശരീരത്തിന്‍െറ അമിതവണ്ണംതന്നെയാണ്. അതിനാല്‍, ശസ്ത്രക്രിയകളിലൂടെയോ മറ്റോ ശരീരഭാരം കുറക്കുകയാണെങ്കില്‍ ഇത്തരക്കാരില്‍ പ്രമേഹരോഗം ചിലപ്പോള്‍ പൂര്‍ണമായും മാറിക്കിട്ടും. ഇതാണ് പ്രമേഹരോഗത്തിന് ശസ്ത്രക്രിയ എന്നപേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ശസ്ത്രക്രിയ തടി കുറക്കുന്നതിനാണ്. അല്ലാതെ, പ്രമേഹരോഗ ചികിത്സക്കല്ല. മറിച്ചുള്ള പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണ്. പൊണ്ണത്തടിയില്ലാത്ത ആള്‍ക്കാര്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് മുതിരരുത്. പാര്‍ശ്വഫലങ്ങളില്ല എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ശസ്ത്രക്രിയകള്‍ (BARIATRIC SURGERY) പോഷകാഹാരക്കുറവ്, എല്ലുകള്‍ക്ക് ബലക്ഷയം മുതലായവ സങ്കീര്‍ണതകള്‍ ഉണ്ടാക്കാന്‍ പോന്നവയാണ്.
മൂത്രത്തിലൂടെ പുറത്തുപോകുന്ന പഞ്ചസാരയുടെ അളവ് വര്‍ധിപ്പിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാന്‍ ചില മരുന്നുകള്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നു.
പാന്‍ക്രിയാസ് മാറ്റിവെക്കല്‍ ഇതിനും സാഫല്യമാകാത്ത ഒരു സ്വപ്നമായി അവശേഷിക്കുന്നുണ്ട്. ജീന്‍ തെറാപ്പിയും ഒരുപക്ഷേ ഭാവിയില്‍ ശോഭന വാഗ്ദാനമായി മാറിയേക്കാം.

