വൃക്കരോഗികള്‍ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 14 April 2015

വൃക്കരോഗികള്‍ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍


ഹൃദയവും ശ്വാസകോശവും കരളും പോലെ ഒരു വ്യക്തിയുടെ സുഖകരമായ ജീവിതത്തിന് ആരോഗ്യമുള്ള വൃക്കകളും ആവശ്യമാണ്. ശ്വാസകോശത്തിന് താഴെ നട്ടെല്ലിന് ഇരുവശത്തുമായാണ് വൃക്കകളുടെ സ്ഥാനം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയും രക്തത്തെ ശുചീകരിക്കുകയുമാണ് ഇവയുടെ പ്രധാന പ്രവര്‍ത്തനം. നെഫ്രോണുകള്‍ എന്ന സൂക്ഷ്മ രക്തക്കുഴലുകളാണ് വൃക്കകളുടെ പ്രധാന ഭാഗം. ഒരു അരിപ്പപോലെ പ്രവര്‍ത്തിക്കുന്ന ഇവ ശരീരത്തിലും രക്തത്തിലുമുള്ള അനാവശ്യവസ്തുക്കളെ വേര്‍തിരിച്ച് മൂത്രത്തിലൂടെ പുറത്തുവിടുന്നു.
രക്തത്തിലെ അസിഡിറ്റി അഥവാ അമ്ളാംശങ്ങളും ശരീരത്തിലെ ജലാംശത്തിന്‍െറ നിയന്ത്രണവും ശരീരത്തിന് ആവശ്യമുള്ള ചില ഹോര്‍മോണുകളുടെ ഉല്‍പാദനവും നിയന്ത്രണവുമാണ് വൃക്കകളുടെ മറ്റൊരു ധര്‍മം.
രണ്ടു തരത്തിലുള്ള തകരാറുകളാണ് സാധാരണ ഗതിയില്‍ വൃക്കകള്‍ക്ക് സംഭവിക്കുന്നത്്. താല്‍ക്കാലികമായി സംഭവിക്കുന്നവയും സ്ഥായിയായി നിലനില്‍ക്കുന്നവയും.
ചിലരില്‍ ജന്മനാ വൃക്കകള്‍ക്ക് വൈകല്യങ്ങള്‍ കണ്ടുവരാറുണ്ട്. ഇത്തരം തകരാറുകള്‍ നേരത്തേ കണ്ടത്തെിയാല്‍ ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകളിലൂടെ പരിഹരിക്കാനാവും. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഇടക്കിടെ മൂത്രത്തില്‍ പഴുപ്പ് കണ്ടത്തെിയാല്‍ കുട്ടിയുടെ വൃക്കകള്‍ക്ക് തകരാറില്ളെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതാണ്്. പൊതുവെ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും വൃക്കരോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം.
പാമ്പുകടിയേല്‍ക്കല്‍, എലിപ്പനി ബാധ, വേദനസംഹാരികളുടെ ഉപയോഗം, വയറിളക്കം, ഛര്‍ദ്ദി എന്നിവ മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടല്‍ തുടങ്ങിയ അവസ്ഥകള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ഇത്തരം അവസ്ഥകളില്‍ നിന്ന് വിമുക്തിനേടുകയും കൃത്യമായ പരിചരണം ലഭിക്കുകയും ചെയ്താല്‍ വൃക്കകളും പൂര്‍വസ്ഥിതി പ്രാപിക്കും. എന്നാല്‍ താല്‍ക്കാലികമായ ഇത്തരം വൃക്കരോഗങ്ങള്‍ക്കും വിദഗ്ധ ചികിത്സ ആവശ്യമാണ്.
അതേസമയം, സ്ഥായിയായ വൃക്കരോഗങ്ങള്‍ക്ക് ഡയാലിസിസോ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയോ വേണ്ടിവരും.
നോണ്‍ സ്റ്റിറോയ്ഡല്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഡ്രഗ് എന്ന ഗണത്തില്‍പ്പെട്ട വേദനസംഹാരികളുടെ ഉപയോഗം ചിലരുടെ വൃക്കകളുടെ ആരോഗ്യത്തെ ബാധിച്ചേക്കും. വൃക്കരോഗങ്ങളുടെ ചികിത്സയിലുള്ളവരും പ്രായമേറിയവരും എന്തെങ്കിലും കാരണവശാല്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞവരും ഇത്തരം വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. വൃക്കകള്‍ക്ക് തകരാറുള്ളവര്‍ പല്ലുവേദന, പല്ളെടുക്കല്‍, ഒടിവ്, ചതവ് തുടങ്ങി, വേദനസംഹാരികള്‍ ആവശ്യമാകുന്ന അവസരങ്ങളില്‍ വൃക്കരോഗത്തെകുറിച്ച് സൂചന നല്‍കണം. ഇത്തരം രോഗികള്‍ക്ക് കുറേക്കൂടി സുരക്ഷിതമായ വേദനസംഹാരികള്‍ നിലവിലുണ്ട്.
വേദനസംഹാരികള്‍ പോലുള്ള മരുന്നുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നമുക്ക് അറിയാവുന്നതാണെങ്കില്‍ ചില നാടന്‍ മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ എന്താണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയാണ്. ചില നാട്ടുമരുന്നുകളില്‍ വൃക്കകളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ലോഹങ്ങളും വിഷാംശങ്ങളും അടങ്ങിയിട്ടുണ്ടായേക്കാം. ഇത്തരം മരുന്നുകളുടെ നിരന്തരമായ ഉപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും. ചിലതരം ലേഹ്യങ്ങളിലും അരിഷ്ടങ്ങളിലും ഇത്തരം ലോഹാംശങ്ങള്‍ അടങ്ങിയിട്ടുള്ളതായി കണ്ടത്തെിയിട്ടുണ്ട്. അതുപോലത്തെന്നെ ചില വ്യാജ ആയുര്‍വേദ മരുന്നുകളില്‍ വേദനസംഹാരികള്‍ പൊടിച്ചു ചേര്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വൃക്കരോഗികള്‍ ഇത്തരം മരുന്നുകളെയും കരുതിയിരിക്കണം.
പ്രമേഹം, ഗ്ളോമേറുലോ നെഫ്രൈറ്റിസ് എന്നിവയാണ് വൃക്കകളെ തകരാറിലാക്കുന്ന പ്രധാന പ്രശ്നങ്ങള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരമായി കൂടിനില്‍ക്കുന്ന പ്രമേഹ രോഗികളില്‍ കാലക്രമേണ അത് രക്തക്കുഴലുകളെ ബാധിക്കുന്നു. രക്തത്തിലെ അമിതമായ പഞ്ചസാരയുടെ സാന്നിധ്യം അവഗണിച്ചാല്‍ അത് നെഫ്രോണുകള്‍ അഥവാ സൂക്ഷ്മങ്ങളായ രക്തക്കുഴലുകളെ ബാധിച്ച് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കും.
ഒരു വ്യക്തിയില്‍ പ്രമേഹം കണ്ടത്തെിയാല്‍ അത് ഫലപ്രദമായി നിയന്ത്രിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. രക്തവും മൂത്രവും ഇടക്കിടെ പരിശോധിച്ച് രക്തത്തില്‍ ക്രിയാറ്റിനിന്‍െറ അംശവും മൂത്രത്തില്‍ പ്രോട്ടീന്‍ അഥവാ അല്‍ബൂമിന്‍െറ അംശവും അളവില്‍ കൂടുതലായി ഇല്ല എന്ന് ഉറപ്പുവരുത്തണം. പരിശോധനകളില്‍ ഇവയുടെ അമിതമായ സാന്നിധ്യം കണ്ടത്തെുന്ന പക്ഷം പ്രമേഹം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയതായി സംശയിക്കണം. ഈ അവസ്ഥയില്‍ ഏറ്റവും വേഗത്തില്‍ വിദഗ്ധ ചികിത്സ ആരംഭിക്കേണ്ടതാണ്്. വൃക്കകളുടെ പ്രവര്‍ത്തനത്തെ രോഗം കൂടുതല്‍ ബാധിക്കാതിരിക്കാനുള്ള ചികിത്സകള്‍ കൃത്യമായി ചെയ്താല്‍ ഒരു പരിധിവരെ രോഗിക്ക് ആരോഗ്യത്തോടെ ജീവിക്കാനാവും.
പ്രൈമറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന സാധാരണ രക്തസമ്മര്‍ദം നല്ല രീതിയില്‍ നിയന്ത്രിക്കാനായാല്‍ സാധാരണയായി വൃക്കകളെ ബാധിക്കാറില്ല. എന്നാല്‍, സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍െറ ഒരു പ്രധാന കാരണം വൃക്കരോഗങ്ങളാണ്. പ്രൈമറി ഹൈപ്പര്‍ ടെന്‍ഷന്‍ പൊതുവെ 35 വയസ്സിനു മുകളിലുള്ളവരിലാണ് കണ്ടുവരുന്നതെങ്കില്‍ സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍ കുറേക്കൂടി നേരത്തേ കണ്ടുവരുന്നു. 25 വയസ്സിനു മുമ്പായി രക്തസമ്മര്‍ദം കണ്ടത്തെിയാല്‍ ഗൗരവമായ പരിശോധനകള്‍ ആവശ്യമാണ്. ഇത്തരം കേസുകളില്‍ വൃക്കരോഗത്തിന്‍െറയോ മറ്റെന്തെങ്കിലും രോഗങ്ങളുടെയോ ലക്ഷണമായാണ് രക്തസമ്മര്‍ദം കണ്ടുവരാറുള്ളത്.
ശരീരത്തിലെ ലവണാംശങ്ങളും രാസവസ്തുക്കളും അടിഞ്ഞുകൂടി പരലുകളായി രൂപപ്പെടുന്ന അവസ്ഥയാണ് വൃക്കകളെ തകരാറിലാക്കുന്ന മറ്റൊരു അവസ്ഥ. മൂത്രത്തില്‍ കല്ല് അല്ളെങ്കില്‍ വൃക്കയിലെ കല്ല് എന്ന് വിളിക്കുന്ന ഈ രോഗം സാധാരണ കണ്ടുവരുന്നതും താരതമ്യേന എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാവുന്നതുമാണ്. അസഹ്യമായ വേദനയും മൂത്രത്തില്‍ രക്തത്തിന്‍െറ സാന്നിധ്യവുമാണ് ഈ രോഗത്തിന്‍െറ ലക്ഷണം. മരുന്നുകള്‍ കഴിച്ച് ഇത്തരം കല്ലുകളെ മൂത്രത്തിലൂടെ പുറത്തുകളയുകയോ യന്ത്രസഹായത്താല്‍ പൊടിച്ചുകളയുകയോ ആണ് പ്രധാന ചികിത്സകള്‍. വൃക്കയില്‍ കല്ലുകള്‍ കണ്ടത്തെിയാല്‍ ഉടനെ ചികിത്സ തേടിയില്ളെങ്കില്‍ പിന്നീടത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.
ചില അവസരങ്ങളില്‍ വൃക്കകള്‍ക്കുണ്ടാവുന്ന രോഗങ്ങള്‍ മരുന്നുകള്‍കൊണ്ട് ചികിത്സിച്ചു മാറ്റാനാവാത്ത അവസ്ഥ വന്നേക്കും. ഇത്തരം രോഗികള്‍ക്ക് ഡയാലിസിസ് അല്ളെങ്കില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.
യന്ത്രസഹായത്താല്‍ രക്തം ശുചീകരിക്കുന്ന പ്രക്രിയയാണ് ഡയാലിസിസ്. ഇതുതന്നെ രണ്ടു തരത്തിലുണ്ട്. ഹീമോ ഡയാലിസിസും പെരിട്ടോണിയല്‍ ഡയാലിസിസും. ഹീമോ ഡയാലിസിസില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ രോഗി ആശുപത്രിയിലത്തെി പ്രത്യേക യന്ത്രസഹായത്താല്‍ ഡയാലിസിസിന് വിധേയമാകുമ്പോള്‍ പെരിട്ടോണിയല്‍ ഡയാലിസിസില്‍ രോഗിക്കിത് വീട്ടില്‍ വെച്ചുതന്നെ സ്വയമോ ആരുടെയെങ്കിലും സഹായത്തോടെയോ ചെയ്യാവുന്നതാണ്. വയറിനുള്ളിലെ പെരിട്ടോണിയം എന്ന ആവരണത്തിന്‍െറ സഹായത്തോടെ പെരിട്ടോണിയല്‍ ഫ്ളൂയിഡ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. രക്തത്തിലെ മാലിന്യം ഈ ഫ്ളൂയിഡിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.
എട്ടു മണിക്കൂറിനു ശേഷം ഈ ഫ്ളൂയിഡ് മാറ്റി പുതിയത് നിറക്കുന്നു. രണ്ട് ഡയാലിസിസിന്‍െറയും ഫലം ഒരേ പോലെയാണെങ്കിലും പെരിട്ടോണിയല്‍ ഡയാലിസിസിന് ചെലവ് കൂടുതലാണ്. പെരിട്ടോണിയല്‍ ഫ്ളൂയിഡിന്‍െറ വില വളരെ അധികമായതാണ് ഇതിന് കാരണം.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ സങ്കീര്‍ണമാണെങ്കിലും വൈദ്യശാസ്ത്രത്തിന്‍െറ പുരോഗതി ഇതും ഒരു പരിധിവരെ എളുപ്പമാക്കിയിട്ടുണ്ട്. മസ്തിഷ്ക മരണം സംഭവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാനാവില്ല എന്ന് ഉറപ്പായവരുടെ വൃക്കയും മറ്റ് അവയവങ്ങളും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയാറായാല്‍ ഒരു പരിധിവരെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയോടനുബന്ധിച്ച് ഉയര്‍ന്നു കേള്‍ക്കുന്ന വൃക്ക വ്യാപാരം പോലുള്ള വിവാദ പ്രവര്‍ത്തനങ്ങളെ നേരിടാനാവും.

Post Top Ad

Responsive Ads Here