ആസ്ത്മയെ അവഗണിക്കരുത് - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 13 April 2015

ആസ്ത്മയെ അവഗണിക്കരുത്

ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ വലിയതോതില്‍ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. കാലാവസ്ഥാ വ്യതിയാനം, അലര്‍ജിയുണ്ടാക്കുന്ന മറ്റു സാഹചര്യങ്ങള്‍, വൈകാരികമായ മാറ്റങ്ങള്‍, പാരമ്പര്യം തുടങ്ങിയ നിരവധി കാരണങ്ങളാണ് ഈ രോഗത്തിനുള്ളത്. ശ്വാസകോശങ്ങളിലേക്ക് വായു എത്തിക്കുന്ന നാളികള്‍ ചുരുങ്ങുമ്പോഴാണ് ശ്വാസതടസ്സം അഥവാ ആസ്ത്മ പ്രത്യക്ഷപ്പെടുന്നത്. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ക്ക് പുറമെ പരിസര മലിനീകരണം, പുകവലി, ചില മരുന്നുകള്‍, ചില ഭക്ഷണം എന്നിവയും ആസ്ത്മക്ക് കാരണമാവുന്നുണ്ട്. ആബാലവൃദ്ധം ജനങ്ങളില്‍ കാലദേശഭേദമന്യേ ഈ രോഗം കണ്ടുവരുന്നു. ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പ്രകാരം 300 ദശലക്ഷം ജനങ്ങള്‍ ആസ്ത്മ മൂലം ലോകത്താകമാനം ദുരിതമനുഭവിക്കുന്നു. കുട്ടികളിലെ ദീര്‍ഘകാല രോഗങ്ങളില്‍ പ്രധാനവും ആസ്ത്മയാണ്.കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും ഈ രോഗം സാര്‍വത്രികമാണ്. 50-70 ശതമാനം കുട്ടികളിലും ശരിയായ ചികിത്സയിലൂടെ ആസ്ത്മ ഭേദമാക്കാനാവും. തൊഴില്‍ജന്യ രോഗങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ആസ്ത്മ. ആസ്ത്മക്കാരില്‍ അഞ്ചുമുതല്‍ 20 ശതമാനം പേരും രോഗികളാകുന്നത് തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ കാണപ്പെടുന്ന 250 ഓളം രാസവസ്തുക്കളും മറ്റുഘടകങ്ങളും തൊഴില്‍ജന്യ ആസ്ത്മക്ക് കാരണമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ ഘടകങ്ങളുമായുള്ള സമ്പര്‍ക്കം കൂടുമ്പോള്‍ ശ്വാസകോശങ്ങള്‍ അവയോട് കൂടുതലായി പ്രതികരിക്കാന്‍ തുടങ്ങുന്നു. ശ്വാസകോശത്തിന്‍െറ ഈ പ്രതികരണമാണ് ആസ്ത്മയായി അനുഭവപ്പെടുന്നത്. കെട്ടിടനിര്‍മാണ മേഖല, ഖനികള്‍, പെയിന്‍റിങ് നിര്‍മാണ ശാലകള്‍, റബര്‍ വ്യവസായം, പ്ളാസ്റ്റിക് നിര്‍മാണരംഗം, കയര്‍ മേഖല, തുണിമില്ലുകള്‍, വെല്‍ഡിങ്, സൗന്ദര്യവര്‍ധക നിര്‍മാണശാലകള്‍ തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ ആസ്ത്മ വ്യാപകമായി കാണുന്നു. തൊഴില്‍ജന്യ ആസ്ത്മയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രതിരോധമാണ്. രോഗമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടത്. ചിലര്‍ക്ക് തൊഴില്‍ തന്നെ ഉപേക്ഷിക്കേണ്ടിവരും. സ്വന്തം സ്ഥാപനത്തില്‍ തന്നെ ബുദ്ധിമുട്ട് കുറഞ്ഞ മേഖലയിലേക്ക് മാറുകയേ നിവൃത്തിയുള്ളൂ. അതോടൊപ്പം തന്നെ രോഗകാരണമായേക്കാവുന്ന സാഹചര്യങ്ങളില്‍ കൈയുറകള്‍, മാസ്ക്കുകള്‍, ഗൗണുകള്‍ തുടങ്ങിയവ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തൊഴിലാളികളും സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തൊഴിലുടമകളും ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ആസ്ത്മ രോഗമുള്ള ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ആസ്ത്മയുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ എന്തുമാറ്റമുണ്ടാകുമെന്ന് മുന്‍കൂട്ടി പറയാന്‍ സാധ്യമല്ല. ഗര്‍ഭിണികള്‍ക്ക് ആസ്ത്മയുണ്ടാകുമ്പോള്‍ ശ്വാസത്തിന് ബുദ്ധിമുട്ടുള്ളതുകൊണ്ടുതന്നെ രക്തത്തില്‍ വേണ്ടത്ര ഓക്സിജന്‍ ലഭ്യമാകാതെ വരാം. ഗര്‍ഭിണിക്ക് രക്തത്തില്‍ ഓക്സിജന്‍ അളവ് കുറഞ്ഞാല്‍ അത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. ഗര്‍ഭസ്ഥ ശിശുവിന് വേണ്ടത്ര ഓക്സിജന്‍ കിട്ടാതെ വരുമ്പോള്‍ വളര്‍ച്ചക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യത ഏറും. ആസ്ത്മയുടെ കാര്യത്തില്‍ പുകവലിയാണ് മറ്റൊരു വില്ലന്‍. ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാളുടെ ശ്വാസകോശത്തില്‍ ഓരോദിവസവും 150-250 തവണവരെ വിഷപ്പുകയുടെ കടന്നാക്രമണം നടക്കുന്നുണ്ട്. ഈ പുകയില്‍ അടങ്ങിയിരിക്കുന്ന വിഷഘടകങ്ങള്‍ ശ്വാസനാളിയുടെ ഉള്‍പ്പാളിയില്‍ കേടുപാടുണ്ടാക്കുന്നു. ചെറുപ്പത്തില്‍ ശ്വാസതടസ്സമുള്ളവര്‍ കൗമാരകാലമാകുമ്പോഴേക്കും പുകവലി തുടങ്ങുകയാണെങ്കില്‍ അവരില്‍ രോഗം സങ്കീര്‍ണമാവും. പ്രാണവായുവിന്‍െറ സഞ്ചാരത്തെ സഹായിക്കുന്നതും ശ്വാസകോശത്തിന്‍െറ പ്രവര്‍ത്തനക്ഷമതയെ വര്‍ധിപ്പിക്കുന്നതുമായ ശ്വസനവ്യായാമങ്ങളായ ദീര്‍ഘശ്വസനം, കപാലഭാതി, പ്രാണായാമം എന്നിവ രോഗികള്‍ക്ക് നല്ല ആശ്വാസം നല്‍കുന്ന രീതികളാണ്. ആസ്ത്മ ചികിത്സയില്‍ ആഹാരത്തിന്‍െറ പങ്ക് ചെറുതല്ല. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനീയങ്ങള്‍ ഒഴിവാക്കുക, മധുര പലഹാരങ്ങള്‍, ഐസ്ക്രീം, ഉഴുന്ന് ചേരുന്ന ആഹാരങ്ങള്‍, എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവ പരമാവധി കുറക്കുക, കഴിയുന്നതും പഴകിയതും ഫ്രിഡ്ജില്‍ വെച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക, ചെറുചൂടുള്ള ചുക്കുവെള്ളം ഇടക്കിടെ കുടിക്കുക എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പൊടിപടലങ്ങള്‍, തണുപ്പ് , രോഗാണുക്കള്‍, വീട്ടുപൊടി തുടങ്ങിയ ആസ്ത്മക്ക് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ പരമാവധി കുറക്കുകയാണ് മറ്റൊരുമാര്‍ഗം. ആസ്ത്മ രോഗികളുള്ള വീട്ടിനകത്ത് പരവതാനികളും ചവിട്ടികളും ഒഴിവാക്കുന്നതാണ് നല്ലത്. കാര്‍പെറ്റുകള്‍ ഇടുന്നവര്‍ വാക്വംക്ളീനര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. പൊതുവെ, വീടിനകം പൊടിപടലങ്ങളില്‍നിന്ന് മുക്തമാക്കാന്‍ ശ്രദ്ധിക്കണം. മുന്‍കരുതലുകള്‍ എടുക്കുകയും രോഗകാരണമായ സാഹചര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നതോടൊപ്പം വിദഗ്ധ ചികിത്സയും ലഭ്യമാക്കിയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താനാവും. ഹെല്‍ത്ത്കെയര്‍ ഗ്രൂപ്, ആസ്ത്മ ബോധവത്കരണ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ഗ്ളോബല്‍ ഇനിഷ്യേറ്റിവ് ഫോര്‍ ആസ്ത്മ എന്ന സംഘടനയാണ് ലോകമെമ്പാടും ദിനാചരണം സംഘടിപ്പിക്കുന്നത്. ആസ്ത്മ രോഗത്തെക്കുറിച്ചുള്ള അവബോധം പകരുക, പ്രതിരോധ നടപടികള്‍ പ്രചരിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ‘you can control your asthma’ (ആസ്ത്മയെ നിങ്ങള്‍ക്ക് നിയന്ത്രിക്കാം) എന്നതാണ് ഇത്തവണത്തെ ദിനാചരണ മുദ്രാവാക്യം. 

Post Top Ad

Responsive Ads Here