ആവി പറക്കുന്ന ഒരു കപ്പ് ചായ.....ഇതില്‍ നിന്നാണ് ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത്. രാവിലെ ചായ നന്നായില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ മോശമാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഒരു കൊടുങ്കാറ്റ് ഉള്ളിലൊളിപ്പിച്ചാണ് ഒരോ കപ്പ് ചായയും നമുക്ക് മുന്നിലെത്തുന്നത്. ഒരു കാലത്ത് കേരളത്തിലെ ബുദ്ധിജീവികളുടെ പ്രിയപാനീയമായിരുന്നു ചായ; അത് പാലൊഴിച്ചതാവട്ടെ, കട്ടനാവട്ടെ....
മലയാളിയുടെ ദിനചര്യയില്‍ ഇത്രമാത്രം ഇഴുകിചേര്‍ന്ന ചായക്ക് പക്ഷേ നീണ്ട ഒരു പാരമ്പര്യം ഇല്ല. 70 വര്‍ഷം മുമ്പ് വരെ ഇടത്തരം മലയാളി കുടുംബങ്ങളില്‍ ചായ ഉണ്ടായിരുന്നില്ല. 100 വര്‍ഷം മുമ്പാണെങ്കില്‍ കേരളത്തില്‍ അന്നുണ്ടായിരുന്ന ബ്രിട്ടീഷുകാരല്ലാതെ അധികമാരും ചായ കണ്ടിട്ടുകൂടി ഇല്ല.
ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ചൈനയിലാണ്. ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് ഒരു വേനല്‍ക്കാലത്ത് കാട്ടില്‍ വേട്ടക്കു പോയ സമയം, കുറച്ചു വെള്ളം ചൂടാക്കാനായി വെക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തില്‍ കുറച്ച് ഉണങ്ങിയ ഇലകള്‍ ഈ വെള്ളത്തില്‍ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളംകുടിച്ച അദ്ദേഹത്തിനു ഉന്മേഷം തോന്നുകയും അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ് ഐതിഹ്യം. ബി.സി 3ാം നൂറ്റാണ്ടില്‍ ചൈന ഭരിച്ച ക്വിന്‍ രാജവംശത്തിന്റെ കാലഘട്ടത്തില്‍ ചൈനയിലെ പ്രധാന പാനീയമായിരുന്നു ചായ.
16ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വഴിയാണ് ചായ യൂറോപ്പിലെത്തിയത്. പിന്നീട് ഡച്ച് സമൂഹത്തിലെ ഒരു ആഡംബരമായി ചായ മാറി. ചായക്ക് സ്വര്‍ണ്ണത്തിനേക്കാള്‍ വിലയുമായിരുന്നു അക്കാലത്തു യൂറോപ്പില്‍. കുറച്ചു കാലത്തിനുള്ളില്‍ തേയില വ്യാപാരത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെ കുതിച്ചുകയറി.
1660ല്‍ ഹോളണ്ടിലെ രാജാവായിരുന്ന ചാള്‍സ് രണ്ടാമന്റെ ഭാര്യ പോര്‍ട്ടുഗീസ് രാജകുമാരിയായ കാതറീന്‍ ഡി ബ്രഗാന്‍സയാണ് ബ്രിട്ടണിലേക്ക് ചായക്കപ്പുമായി എത്തിയത്. ആദ്യകാലത്ത് രാജകുടുംബങ്ങളിലും പ്രഭുകുടുംബങ്ങളിലും പിന്നെ സാധാരണക്കാരുടെ പ്രധാന വിരുന്നുകളിലും (ഉദാ : കല്യാണം) മാത്രമായിരുന്നു ആഡംബരവസ്തുവായ ചായയുടെ ഉപഭോഗം. എന്നാല്‍ 18ാം നൂറ്റാണ്ടോടെ ചായയുടെ ഉപയോഗം ഏറെ വര്‍ധിച്ചു.
19ാം നൂറ്റാണ്ടിലാണ് ചായ കേരളത്തിലെത്തിയത് എന്ന് കരുതുന്നു. ചായയെ കേരളത്തില്‍ എത്തിച്ചതിന് ബ്രിട്ടീഷുകാരോട് നന്ദിപറയണം. ചായപ്പൊടി മാത്രമല്ല, തേയില ചെടിയും ചായയുണ്ടാക്കുന്ന ടെക്‌നോളജിയും എല്ലാം കേരളത്തില്‍ എത്തിച്ചത് ബ്രിട്ടീഷുകാരാണ്.
ചായക്കോപ്പയിലെ വ്യത്യസ്ത രുചികള്‍
പല നാട്ടിലും പല തരത്തിലുള്ള ചായകളുണ്ട്. ചൈനയില്‍ തന്നെ പല തരം ചായ ഉണ്ട്. ഗ്രീന്‍ ടീ, ജിന്‍സെംഗ് ടീ, ഒലോംഗ് ടീ, ജാസ്മിന്‍ ടീ എന്നിങ്ങനെ. ഇവ ഓരോന്നും ഉണ്ടാക്കുന്ന രീതി വേറെയാണ്. പലതിനും പല ചൂടിലാണ് വെള്ളം തിളപ്പിക്കേണ്ടത്. വ്യത്യസ്ത സമയം ചായപ്പൊടി വെള്ളത്തില്‍ ഇടുകയും വേണം. ഇതെല്ലാം പാരമ്പര്യവും കൃത്യവും ആണ്.
ഇങ്ങ് കേരളത്തിലാണെങ്കില്‍ പ്രധാനമായും രണ്ട് ചായയാണുള്ളത് കട്ടന്‍ ചായയും,പാല്‍ ചായയും. പിന്നെ ഇതിന് പല ഉപ വിഭാഗങ്ങളുണ്ട്. നാരങ്ങ ചേര്‍ത്ത കട്ടന്‍ ചായ, ഇഞ്ചി ചേര്‍ത്ത കട്ടന്‍ ചായ, കടുപ്പം കൂടിയതും, കുറഞ്ഞതും...അങ്ങനെ പല തരം ചായകള്‍...ഇവക്ക് പുറമെ മസാല ചായ, ഗ്രീന്‍ ചായ എന്നിങ്ങനെ നൂതന ചായകളും....
ഉണ്ടാക്കാന്‍ എളുപ്പമാണെങ്കിലും ആളുകളെ ഉന്മേശവാന്മാരാക്കുന്ന ഉഗ്രന്‍ ചായ ഉണ്ടാക്കല്‍ ശ്രമകരം തന്നെയാണ്. പലരും കട്ടന്‍ചായ ഉണ്ടാക്കി അതിലേക്കു തിളപ്പിച്ച് വെച്ചിരിക്കുന്ന പാല്‍ ചേര്‍ത്താണ് ചായ ഉണ്ടാക്കുന്നത്....മറ്റു ചിലര്‍ പാലും വെള്ളവും ഒരുമിച്ചു ചേര്‍ത്ത് തിളപ്പിച്ച് ചായ ഉണ്ടാക്കുന്നു...ഇതിലും ഉണ്ട് വൈവിധ്യങ്ങള്‍...
തുല്ല്യ അളവില്‍ പാലും വെള്ളവും ചേര്‍ത്തോ.അല്ലെങ്കില്‍ പാലിന്റെ ഇരട്ടി അളവില്‍ വെള്ളം ചേര്‍ത്തോ തിളക്കുമ്പോള്‍ അതിലേക്കു പൊടി ഇട്ടു ഒന്ന് തിള വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി അരിച്ചു പഞ്ചസാര ചേര്‍ത്തോ ചേര്‍ക്കാതെയോ ചായ ഉണ്ടാക്കുന്നവര്‍ ഒരു വിഭാഗം.....മറ്റു കൂട്ടര്‍ ഒരു പാത്രത്തില്‍ പൊടിയും,പഞ്ചസാരയും ഇട്ടു വെച്ച ശേഷം തിളപ്പിച്ച പാലും വെള്ളം അതിലേക്കു ഒഴിച്ച് രണ്ടു മിനിറ്റ് വെച്ച ശേഷം ഇളക്കി അരിച്ചു ചായ ഉണ്ടാക്കുന്നു.....
ജപ്പാനിലും ചൈനയിലുമൊക്കെ പ്രചാരത്തിലിരുന്ന ഗ്രീന്‍ ടീ ഇന്ന് കേരളത്തിലും ട്രെന്‍ഡാവുകയാണ്. ഒരു വര്‍ഷത്തിനിടെ വിപണിയില്‍ ഏറ്റവുമധികം പേര്‍ അന്വേഷിച്ചെത്തിയ ഉത്പന്നങ്ങളിലൊന്ന് ഗ്രീന്‍ ടീയാണെന്നാണ് വിവരം. ഇതിന് കാരണം ഗ്രീന്‍ ടീ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നുള്ളതു തന്നെയാണ്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തേയിലച്ചെടിയുടെ തളിരില മാത്രം നുള്ളി ഉടനെ വെയിലത്തുണക്കിയെടുത്താണ്.
വണ്ണം കുറക്കാനും പ്രമേഹം തടയാനും കൊഴപ്പകറ്റാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗ്രീന്‍ ടീ ശീലമാക്കിയാല്‍ മതി. ഇതിന് പുറമെ ചര്‍മ സംരക്ഷണത്തിനും മുടി കൊഴിച്ചില്‍ തടയാനും ഗ്രീന്‍ ടീ സഹായിക്കും.
ഗ്രീന്‍ ടീ അധികം തിളപ്പിക്കാന്‍ പാടില്ല. തിളച്ച വെള്ളത്തിലേക്ക് ഗ്രീന്‍ ടീ ഇലയിട്ട് ഉടനെ വെള്ളം ഇറക്കി വെക്കണം. പഞ്ചസാര വേണമെങ്കില്‍ മാത്രം അല്‍പം ഇടുക. ഗ്രീന്‍ ടീയില്‍ പാലൊഴിച്ചാല്‍ ഇതിന്റെ ഔഷധഗുണം വേണ്ട രീതിയില്‍ ലഭ്യമാകില്ല. പാലൊഴിക്കാതെ വേണം ഗ്രീന്‍ ടീ കുടിക്കാന്‍. ഉണ്ടാക്കിയ ഉടനെ തന്നെ കുടിക്കാനും ശ്രദ്ധിക്കണം. ഒരു മണിക്കൂറിലേറെ സമയം ഇത് വച്ചിരിക്കരുത്. ചൂടോടെയോ തണുപ്പോടെയോ കുടിക്കാം. കൂടുതല്‍ സമയം വച്ചിരുന്നാല്‍ ഇതിലെ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും നഷ്ടപ്പെടും. കൂടുതല്‍ ചൂടോടെ ഗ്രീന്‍ ടീ കുടിക്കുന്നതും നല്ലതല്ല. ഇത് തൊണ്ടയില്‍ ക്യാന്‍സര്‍ വരുത്തി വയ്ക്കും.
അതുപോലെ രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതല്ല. ഭക്ഷണം കഴിക്കുന്നതിന് അര, ഒരു മണിക്കൂര്‍ മുന്‍പ് കുടിക്കുന്നതാണ് ഉത്തമം. വിശപ്പു കുറയ്ക്കാനും അതുവഴി അമിതഭക്ഷണം ഒഴിവാക്കാനും ഈ ശീലം സഹായിക്കും.
ചായയില്‍ കേമനാണ് മസാല ചായ. ഇതിനാവശ്യമായ സാധനങ്ങള്‍:
രണ്ടു ഏലക്കായ, പട്ട പൊടിച്ചത്, ചെറിയ കഷണം ഇഞ്ചി ചതച്ചത്, ഒരു കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്, രണ്ടു ഗ്രാമ്പൂ, മൂന്നു കപ്പു വെള്ളം, അര കപ്പു പാല്‍, രണ്ടു സ്പൂണ്‍ ചായ പൊടി, മൂന്നു സ്പൂണ്‍ പഞ്ചസാര
ഏലക്കയും പട്ടയും പൊടിച്ചു എടുക്കുക.പാത്രത്തില്‍ വെള്ളം എടുത്തു ഈ പൊടിയും ഇഞ്ചി, കുരുമുളക്, ഗ്രാമ്പൂ എന്നിവയും ചേര്‍ത്ത് തിളപ്പിക്കുക.നന്നായി തിളക്കുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി ഒരു മൂന്നു നാല് മിനിറ്റ് നേരം വെക്കുക ..ഇതിലേക്ക് പാലും പഞ്ചസാരയും ചേര്‍ത്തു വീണ്ടും തിളപ്പിക്കുക. ചായ പൊടി ചേര്‍ത്തു വാങ്ങി വെക്കുക..ഒരു നാല് അഞ്ചു മിനിറ്റ് വെക്കുക. നല്ലൊരു അരിപ്പയിലൂടെ ചായ കപ്പിലേക്ക് പകരാം.
ചൂടാറാത്ത ചില ചായ വിശേഷങ്ങള്‍......
ടീ സെറിമണിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയുമുണ്ട് ഒരാഘോഷം അങ്ങ് ചൈനയില്‍....ചൈനക്കാര്‍ പരമ്പരാഗതമായി ചായ ഉണ്ടാക്കുന്ന രീതിയും അത് അതിഥികള്‍ക്ക് കൊടുക്കുന്ന രീതിയും കാണിക്കുന്നതാണ് 'ടീ സെറിമണി'. ബെയ്ജിങിലും മറ്റു പല ചൈനീസ് നഗരങ്ങളിലും ഇതുണ്ട്. ഈ പരിപാടി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഫ്രീയായി നടത്തുന്നതാണ്. ടീ സെറിമണിക്കുശേഷം വിവിധയിനം ചായപ്പൊടികളുടെയും ചായക്കോപ്പകളുടെയും ചായയുണ്ടാക്കാനുള്ള പാത്രങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും നടക്കും.
ഇനി മറ്റൊരു വിശേഷം പറയാം....കറങ്ങുന്ന കസേരയില്‍ ചായയും കുടിച്ച് സമാധാനമായി ചെയ്യാവുന്ന ജോലി സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാവില്ല. ഈ സ്വപ്‌നം സാക്ഷാത്കരിക്കണമെങ്കില്‍ നല്ലൊരു ടീ ടെയ്സ്റ്റര്‍ ആയാല്‍ മതി. പിന്നെ ദിവസവും 200-300 ചായ കുടിക്കേണ്ടി വരുമെന്ന് മാത്രം.

