ചൂടുകാലം ചിക്കന്‍ പോക്സിന്‍െറ കാലം - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 13 April 2015

ചൂടുകാലം ചിക്കന്‍ പോക്സിന്‍െറ കാലം


വേനലിന്‍െറ വരവോടെ പലയിടങ്ങളിലും ചിക്കന്‍ പോക്സ് രോഗം പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പൊതുവെ ചൂടുകാലത്ത് പടര്‍ന്നുപിടിക്കുന്ന ഈ രോഗത്തെ ശരിയായി പരിചരിച്ചാല്‍ അത്രക്ക് ഭയപ്പെടേണ്ട കാര്യമില്ല. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് രോഗകാരണം. പനി, തലവേദന എന്നിവയോടൊപ്പം ശരീരത്തില്‍ കുമിളകള്‍ പൊങ്ങിവരുന്നതാണ് പ്രധാന രോഗലക്ഷണം. കുട്ടികളിലാണ് ചിക്കന്‍ പോക്സ് കൂടുതലായി കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം. പ്രായം കൂടുന്നതിനനുസരിച്ച് തീവ്രത കൂടും എന്നത് രോഗത്തിന്‍െറ പ്രത്യേകതയാണ്. ഒരിക്കല്‍ വന്നാല്‍ വീണ്ടും വരാനുള്ള സാധ്യത കുറവാണെങ്കിലും അപൂര്‍വം പേരില്‍ രോഗം ആവര്‍ത്തിച്ചുകാണാറുണ്ട്. ഒരിക്കല്‍ ചിക്കന്‍ പോക്സ് വന്നവരുടെ ഞരമ്പുകളില്‍ അവശേഷിക്കുന്ന വൈറസ് പിന്നീട് ‘ഹെര്‍പിസ് സോസ്റ്റര്‍’ അഥവാ ഞരമ്പുപൊട്ടി എന്ന രോഗമായി പുറത്തുവരാറുണ്ട്. ശക്തമായ വേദനയോടുകൂടി ശരീരത്തിന്‍െറ ചില ഭാഗങ്ങളില്‍ മാത്രം കുമിളകള്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗാവസ്ഥയുള്ളവരില്‍നിന്ന് മറ്റുള്ളവര്‍ക്ക് ചിക്കന്‍ പോക്സ് പിടിപെടാന്‍ സാധ്യതയുണ്ട്.

കുമിളകള്‍ പൊട്ടിയുണ്ടാവുന്ന സ്രവത്തിലൂടെയോ, ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ വഴി വായുവിലൂടെയോ ആണ് രോഗം പകരുന്നത്. ഇത്തരത്തില്‍ രോഗം പകരാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത് അസുഖത്തിന്‍െറ ആദ്യ ദിനങ്ങളിലാണ്. കുമിളകള്‍ പൊങ്ങി ദിവസങ്ങള്‍ക്കുശേഷം പൊറ്റ (crust) പൊഴിയുന്നതോടെ യഥാര്‍ഥത്തില്‍ രോഗം പകരാനുള്ള സാധ്യത കുറയുകയാണ് ചെയ്യുക. ആദ്യ ദിവസങ്ങളില്‍ തന്നെ രോഗം പകര്‍ന്നുകിട്ടുന്ന ആളുകളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 10 മുതല്‍ 20 ദിവസം വരെയെടുക്കുന്നു. അപ്പോഴേക്കും ആദ്യത്തെ രോഗി പൂര്‍ണമായും രോഗവിമുക്തി നേടിക്കഴിഞ്ഞിരിക്കും. അതിനാല്‍, അസുഖം മാറി കുളിക്കുന്ന സമയത്താണ് ചിക്കന്‍ പോക്സ് പകരുന്നതെന്ന തെറ്റിദ്ധാരണ സാധാരണക്കാര്‍ക്കിടയിലുണ്ട്.
രോഗകാരിയായ വൈറസ് പെരുകുന്നതോടെ പനിയും തലവേദനയും മറ്റും പ്രത്യക്ഷപ്പെടുന്നു. താമസിയാതെ നെഞ്ച്, വയര്‍, മുഖം എന്നിവിടങ്ങളില്‍ ചെറിയ കുമിളകള്‍ പൊങ്ങുന്നു. ചുറ്റിലും ഇളം ചുവപ്പ് നിറത്തോടെ ചേമ്പിലയില്‍ വെള്ളത്തുള്ളികള്‍ പോലുള്ള കുമിളകള്‍ ക്രമേണ ഇളം മഞ്ഞനിറമാകുകയും പിന്നീട് പൊറ്റകെട്ടുകയും ചെയ്യുന്നു. കുമിളകള്‍ പൊങ്ങിക്കഴിഞ്ഞാല്‍ രണ്ട്-നാലു ദിവസത്തിനകം ശരീരത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്കും പടരുന്നു. നെഞ്ച്, വയര്‍, മുഖം എന്നിവിടങ്ങളിലാണ് കൂടുതല്‍ കുമിളകള്‍ കാണുന്നത്. തുടക്കത്തില്‍ ഇവ തൊട്ടാല്‍ പൊട്ടിപ്പോകുന്ന അവസ്ഥയിലായിരിക്കും. അതിനാലാവാം മലബാര്‍ മേഖലയില്‍ ചിക്കന്‍പോക്സ് ‘പൊട്ടി’ എന്നപേരില്‍ അറിയപ്പെടുന്നത്. മറ്റു ചിലയിടങ്ങളില്‍ ‘ചൊള്ള’ എന്ന പേരുമുണ്ട്.
കുമിളകള്‍ പൊങ്ങിയതുമുതല്‍ പൊറ്റ അടര്‍ന്നുവീഴുന്നതുവരെ ചൊറിച്ചില്‍ സാധാരണയാണ്. ഈ സമയത്ത് അധികം ചൊറിഞ്ഞുപൊട്ടിച്ച് വ്രണമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അണുബാധയേല്‍ക്കാതിരിക്കാന്‍ വിരലുകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കുമിളകള്‍ വ്രണങ്ങളാവാതെ സൂക്ഷിച്ചാല്‍ രോഗം മാറിയാല്‍ ശരീരത്തില്‍ പാടുകള്‍ അവശേഷിക്കില്ല.

Post Top Ad

Responsive Ads Here