പക്ഷാഘാതത്തിന് പിന്നിലെ പാരമ്പര്യ ഘടകങ്ങള്‍ - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 13 April 2015

പക്ഷാഘാതത്തിന് പിന്നിലെ പാരമ്പര്യ ഘടകങ്ങള്‍

രക്താതിസമ്മര്‍ദം, ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം എന്നി രോഗങ്ങള്‍ ഉണ്ടാകാനുള്ള ഒരു പ്രധാന ഘടകമാണ് പാരമ്പര്യം. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ മുതലായ വളരെ അടുത്ത ബന്ധുക്കള്‍ക്ക് ഇത്തരം രോഗങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അടുത്ത തലമുറയിലുള്ളവര്‍ക്ക് ഈ രോഗസാധ്യത കൂടിയിരിക്കും. പാരമ്പര്യമായി നമുക്ക് കിട്ടുന്ന ജനിതക ഘടകങ്ങളുടെ പ്രവര്‍ത്തനവും, അതോടൊപ്പംതന്നെ രോഗിയും രോഗിയുടെ കുടുംബക്കാരും ഒരേ ജീവിത ചുറ്റുപാടില്‍ ജീവിക്കുകയും ഒരുപക്ഷേ, ആഹാര രീതി, ജീവിതശൈലി മുതലായ രോഗസാധ്യതക്കുള്ള മറ്റു ആപദ്ഘടകങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നതുകൊണ്ടാവാം ഇത്തരം രോഗങ്ങള്‍ പിടിപെടുന്നത്.
ശരീരത്തിന്‍്റെ ഒരു വശം തളര്‍ന്നുപോകുന്ന അവസ്ഥയായ സ്ട്രോക്ക് അഥവാ പക്ഷാഘാതം ജീവിതശൈലീരോഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പാരമ്പര്യമായി കിട്ടുന്ന ജനിതക ഘടനയുടെ പ്രവര്‍ത്തനത്തോടൊപ്പം ജീവിക്കുന്ന ചുറ്റുപാട്, ആഹാര രീതികള്‍, ആചാരങ്ങള്‍ എന്നിവയെല്ലാം ഒന്നിക്കുമ്പോഴാണ് രോഗ സാധ്യത വര്‍ധിക്കുന്നതും വ്യക്തികള്‍ അകാലത്തില്‍തന്നെ രോഗ ബാധിതരാകുന്നതും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പാരമ്പര്യം മാത്രമല്ല രോഗകാരണം. മറിച്ച്, ജീവിതശൈലിയിലെ അപാകതകളും കൂടി ചേരുമ്പോഴാണ് രോഗം പിടിപെടുന്നത്. എന്നാല്‍, പാരമ്പര്യമായി മാത്രം ഉണ്ടാകാവുന്ന പക്ഷാഘാതവും ഉണ്ട്. CADASIL എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ രോഗം ജനിതക വൈകല്യം മൂലമുണ്ടാകുന്നതാണ്. തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് ഘടനാപരമായ മാറ്റങ്ങള്‍ സംഭവിക്കുകയും രക്തം അതിനുള്ളില്‍ കട്ടപിടിച്ച് പക്ഷാഘാതം ഉണ്ടാകുകയും ചെയ്യുന്നു.
ഹൃദയാഘാതം പോലത്തെന്നെ തലച്ചോറിലേക്ക് രക്തചംക്രമണം പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് പക്ഷാഘാതമുണ്ടാകുന്നത്. രക്തം കട്ടകെട്ടുന്നതും രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതും തലച്ചോറിലുണ്ടാകുന്ന ചില മുഴകളും രോഗ കാരണങ്ങളാകാം. ചിലപ്പോള്‍ ഹൃദയത്തില്‍നിന്നോ കഴുത്തിലെ രക്തക്കുഴലുകളില്‍നിന്നോ കട്ടകെട്ടിയ രക്തം അടര്‍ന്നുചെന്ന് തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് തടസ്സമുണ്ടാക്കിയാലും പക്ഷാഘാതം സംഭവിക്കാം.
പക്ഷാഘാത രോഗത്തിന് നിദാനമായ പല അപകട ഘടകങ്ങളുമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദമാണ് അതില്‍ പ്രധാനി. പ്രമേഹം, മദ്യപാനം, രക്തത്തിലെ കൊഴുപ്പുകള്‍ കൂടുന്ന അവസ്ഥ, അനാരോഗ്യപരമായ ആഹാരരീതി, വ്യായാമക്കുറവ്, കഴുത്തിലെ രക്തധമനികളില്‍ കൊഴുപ്പടിയുക, ചിലതരം ഹൃദ്രോഗങ്ങള്‍, അരിവാള്‍ രോഗം, ഹൃദയമിടിപ്പ് വളരെയധികം അധികരിച്ച് ‘ഏട്രിയല്‍ ഫിബ്രിലേഷന്‍’ തുടങ്ങിയവയെല്ലാം പക്ഷാഘാതരോഗ സാധ്യതകൂട്ടുന്ന ഘടകങ്ങളാണ്. ഇവയെല്ലാംതന്നെ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുന്നവയുമാണ്.
ഇത്തരം രോഗസാധ്യതകള്‍ ആരംഭത്തില്‍തന്നെ കണ്ടുപിടിക്കുകയും വിദഗ്ധ ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കുകയും ചെയ്താല്‍ രോഗ്യസാധ്യത വളരെ കുറക്കാന്‍ കഴിയും. എന്നാല്‍, പലപ്പോഴും ഇത്തരം ആപദ്ഘടകങ്ങളെക്കുറിച്ച് രോഗി അറിയാതിരിക്കുകയോ അവയെ അറിഞ്ഞുകൊണ്ട് അവഗണിക്കുകയോ ചെയ്യുമ്പോഴാണ് രോഗസാധ്യത വളരെ കൂടുന്നത്.
അമേരിക്ക, ബ്രിട്ടന്‍ പോലുള്ള വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍ വംശജരില്‍ പക്ഷാഘാതരോഗ സാധ്യത കൂടുതലാണ്. ഹൃദയാഘാതം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് പക്ഷാഘാതം മൂലമാണ്. ഓരോ വര്‍ഷവും ഏകദേശം 20 ദശലക്ഷം പേര്‍ക്കാണ് ലോകത്താകമാനം പക്ഷാഘാതമുണ്ടാകുന്നത്. അതില്‍ ഏകദേശം അഞ്ച് ദശലക്ഷം പേര്‍ മരിക്കുകയും ഏഴ് ദശലക്ഷത്തോളം പേര്‍ ശാരീരികവൈകല്യമുള്ളവരായിത്തീരുകയും ചെയ്യുന്നു. രോഗിയുടെ മാത്രമല്ല, കുടുംബത്തിന്‍േറയും സന്തുലിതാവസ്ഥ മാറ്റിമറിക്കപ്പെടുന്ന ഈ രോഗം ഒരു മഹാവിപത്താണ്. വളരെയധികം രോഗികള്‍ക്ക് സംസാരശേഷി നഷ്ടപ്പെട്ടേക്കാം. ചിലര്‍ക്ക് അപസ്മാരം, ഓര്‍മക്കുറവ് എന്നീ രോഗങ്ങളും ഉണ്ടാകാം.
രോഗസാധ്യത കൂടിയ രോഗികള്‍ അതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ചെറുപ്പത്തിലേ സ്വീകരിക്കേണ്ടതാണ്. കൊഴുപ്പ് കുറഞ്ഞതും നാരടങ്ങിയതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുക, പച്ചക്കറികളും ഫലവര്‍ഗങ്ങളും ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, രക്തസമ്മര്‍ദം ഇടക്കിടെ പരിശോധിക്കുകയും ആവശ്യമെങ്കില്‍ മരുന്നുകള്‍ കഴിക്കുകയും ചെയ്യുക, രക്തസമ്മര്‍ദ ചികിത്സ മുടങ്ങാതെ നോക്കുക, ആഹാരത്തില്‍ ഉപ്പിന്‍െറ അളവ് കുറക്കുക, നിത്യവ്യായാമം ശീലമാക്കുക, പുകവലിക്കുന്നവര്‍ അത് പാടേ നിര്‍ത്തുക, മദ്യപാനം നിര്‍ത്തുക തുടങ്ങിയവയാണ് രോഗപ്രതിരോധമാര്‍ഗങ്ങള്‍. കൂടാതെ, കഴുത്തിലെ ധമനികളില്‍ കൊഴുപ്പടിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും ഉണ്ടെങ്കില്‍ ‘ആന്‍ജിയോപ്ളാസ്റ്റി’ ചെയ്ത് സ്റ്റെന്‍്റ് നിക്ഷേപിക്കുന്നതും രോഗ പ്രതിരോധമാര്‍ഗമാണ്. രോഗസാധ്യത കൂടിയവര്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ചെറിയ ഡോസില്‍ ‘ആസ്പിരിന്‍’ ഗുളിക ആജീവനാന്തം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍, ചിലര്‍ക്ക് വയറ്റില്‍ നീറ്റല്‍ അനുഭവപ്പെടുന്നെങ്കില്‍ മറ്റുചില മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഏതായാലും ഒരു വിദഗ്ധ പരിശോധന നടത്തി രോഗസാധ്യത വിലയിരുത്തേണ്ടതും പ്രതിരോധമാര്‍ഗങ്ങള്‍ മുന്‍കൂട്ടി ചെയ്യേണ്ടതും ആവശ്യമാണ്.
Byline : ഡോ. എസ്.കെ. സുരേഷ് കുമാര്‍
(ലേഖകന്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഫിസിഷ്യനാണ്)

Post Top Ad

Responsive Ads Here