പരാലിസിസ് - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 13 April 2015

പരാലിസിസ്

സ്ട്രോക്ക് അഥവാ സാധാരണ പരാലിസിസ് എന്നുപറയുന്ന അസുഖം കേരളത്തില്‍ അനുദിനം കൂടിക്കൊണ്ടിരിക്കുന്ന കാര്യം ഞെട്ടലുളവാക്കിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും ന്യൂറോളജിസ്റ്റുകളില്‍. കാരണം, മറ്റൊന്നുംകൊണ്ടുമല്ല ഇത് ചെറുപ്പക്കാര്‍ക്കിടയില്‍ രണ്ട് ദശാബ്ദക്കാലത്തിലേക്കാള്‍ പതിന്മടങ്ങായിരിക്കുന്നു. ഹൃദയാഘാതത്തിന്‍െറ അത്രതന്നെ ഇത്തരം രോഗികള്‍ കാന്‍സറിനെ പിന്തള്ളി, ലോകത്തില്‍ രണ്ടാംസ്ഥാനത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്നെന്ന് ചൈനയില്‍നിന്നുമുള്ള പഠനം വെളിവാക്കുന്നു. 
ഫാസ്റ്റ് ‘FAST' -എന്ന സംഗ്രഹണം പരാലിസിസിന്‍െറ ആദ്യാക്ഷരമാണ്. Face-Arm-Speech Time (മുഖം പെട്ടെന്ന് ഒരുവശത്തേക്ക് കോടല്‍, കൈ പൊക്കാന്‍ കഴിയാതെ വരിക, സംസാരം നിന്നുപോകുക ഇവ കണ്ടാല്‍ വൈകരുത്, സമയം നിങ്ങളുടെ ബ്രെയ്നിനെ (തലച്ചോറ്) കവര്‍ന്നെടുക്കുകയാണ്. ഉടനെ മണിക്കൂറുകള്‍ക്കകം അടുത്ത ന്യൂറോളജി സെന്‍ററുമായി ബന്ധപ്പെടുക. അമാന്തിക്കരുത്. Time is Brain. സമയം തലച്ചോറാണ്. പാഴാക്കുന്ന ഓരോ മിനിറ്റും പിന്നീട് തിരിച്ചുവരാത്തവണ്ണം നഷ്ടപ്പെടുത്താതിരിക്കാം. ഏറ്റവും നല്ലത് മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ രക്തക്കട്ട അലിയിക്കാനുള്ള (Thrombolytic Therapy) -ത്രോംബോലയ്റ്റിക് തെറപ്പി നല്‍കണം. അത് ജനങ്ങളുടെ അവകാശമാണെന്ന് തിരിച്ചറിയുക. നാലര മണിക്കൂറുകള്‍ വരെ സിരകളിലൂടെ (IV+PA) -ടി.പി.എ കൊടുക്കാം. ആറു മണിക്കൂര്‍ വരെ ധമനികളിലൂടെ I.A- ടി.പി.എ (ആന്‍ജിയോഗ്രാം വഴി) കൊടുക്കാവുന്നതാണ്. അടുത്ത ആശുപത്രികളില്‍ കാണിക്കുക. പക്ഷേ, സ്കാനിങ്ങിനായി സമയം പാഴാക്കരുത്. ചികിത്സ അവിടെ ലഭ്യമാണോ എന്നുറപ്പു വരുത്തുക. ഈ ചികിത്സ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്പോള്‍ ലഭ്യമല്ല. പക്ഷേ, ലഭ്യമായ ഹോസ്പിറ്റലില്‍ ഉടന്‍ എത്തിച്ചേരലാണ് അഭികാമ്യം. സങ്കടകരമെന്ന് പറയട്ടെ, പലപ്പോഴും ചികിത്സ കിട്ടാതെ ചെറുപ്പക്കാരായ പരാലിസിസ് (പക്ഷാഘാത) രോഗികള്‍ 24 മണിക്കൂര്‍ കഴിഞ്ഞുവരാറുണ്ട്. ഇത് ഒഴിവാക്കണം. ജനപ്രതിനിധികള്‍ അത്യാവശ്യമായി ഇതില്‍ ശ്രദ്ധ പതിപ്പിക്കണം. ടി.പി.എ എല്ലാ ജില്ലാ, താലൂക്ക് മറ്റ് ആശുപത്രികളിലും ലഭ്യമാക്കുക. നമ്മുടെ മാറിയ ചുറ്റുപാടുകളില്‍ തീരെ വ്യായാമമില്ലായ്മ, അമിത ഭക്ഷണം എന്നിവയാണ് എല്ലാ രോഗങ്ങള്‍ക്കും മൂലകാരണം. ഓട്ടോയില്‍ കയറി കീശകാലിയാക്കുന്നതിനു പകരം ഒരു കിലോമീറ്റര്‍ നടന്ന് ജീവിതത്തില്‍ ഒരു ദിവസമെങ്കിലും ആരോഗ്യപരമായി വീണ്ടെടുക്കുക. നമ്മുടെ നാട്ടില്‍ മെറ്റബോളിക് (Metabolic Syndrom) സിന്‍ഡ്രോം പകുതിയിലധികം പേരില്‍ കണ്ടുവരുന്നു. ചെറിയ ഭാരക്കൂടുതല്‍ ,കുറച്ച് കൊളസ്ട്രോള്‍, കുറച്ച് പ്രമേഹം, കുറച്ച് രക്തസമ്മര്‍ദം- ഇവ മാസങ്ങളും വര്‍ഷങ്ങളുംകൊണ്ട് ഒരു പൂര്‍ണ വളര്‍ച്ചയെത്തിയ സത്വമാകും. സൂക്ഷിക്കുക. പുകവലി, മുറുക്കല്‍ ഇവ മൂന്നാമത്തെ വില്ലനാണ്. നിര്‍ബന്ധമായും നിര്‍ത്തുക. പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ സാധാരണ ഒരു വ്യക്തിയുടെ നിലയില്‍ എത്തിച്ച് അതില്‍ തുടരുക. ഒരിക്കലും അത് കൂട്ടിയും കുറച്ചും കളിക്കരുത്. ക്രമാതീതമായി കുറയുകയാണെങ്കില്‍ അതിന് ആനുപാതികമായി ചില ഡോസ് അഡ്ജസ്റ്റ്മെന്‍റുകള്‍ വേണ്ടിവന്നേക്കാം.
ഒരാളുടെ പ്രഷര്‍ പല മരുന്നുകള്‍ കഴിച്ച് 120/80 എത്തിയാല്‍ അതില്‍ തുടരുക. അതുപോലെ പ്രമേഹത്തിന്‍െറ തോതും 120 mjക്കു താഴെ തുടര്‍ച്ചയായി ക്രമപ്പെടുത്തുക. തെറ്റായ ഉപദേശങ്ങള്‍ പലപ്പോഴും മരുന്നുകളുടെ ഫലം നഷ്ടപ്പെടുത്തി വൃക്ക, കണ്ണ് തുടങ്ങിയവയുടെ പ്രവര്‍ത്തനം നേരത്തേ അവതാളത്തിലാക്കും. ദിവസേന ഒരാളെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സ്ട്രോക്കായി വരാറുണ്ട്. ഇതിന്‍െറ മൂലകാരണം മറ്റൊന്നല്ല. വ്യക്തമായ ഭക്ഷണക്രമം, എണ്ണയുടെ ഉപഭോഗം, കൂടുതല്‍ കലോറി അടങ്ങിയ ഫാസ്റ്റ്ഫുഡ്, അധികമായ മധുരം/ ബേക്കറി സാധനങ്ങള്‍, പുകവലി ചിലപ്പോള്‍ മദ്യപാനവും. മിക്കവര്‍ക്കും തടികൂടുകയല്ലാതെ വ്യായാമം കേട്ടുകേള്‍വി പോലുമില്ല. ഇത് തിരുത്തിയില്ലെങ്കില്‍ ഈ വരുന്ന വര്‍ഷങ്ങളില്‍ പരാലിസിസുമായി വരുന്ന ചെറുപ്പക്കാര്‍ നമ്മുടെ കുടുംബ സമ്പദ്ഘടനയെ തകര്‍ത്ത് നാടുതന്നെ ദരിദ്രമാക്കാം. സ്വയം ആരോഗ്യവാനായി മാറാനുള്ള ആര്‍ജവം നാം നേടേണ്ടിയിരിക്കുന്നു.
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഒരു പഠനത്തില്‍ രോഗികളില്‍ 75 ശതമാനം മുസ്ലിംകളും 17 ശതമാനം ഹിന്ദുമത വിഭാഗങ്ങളും എട്ടു ശതമാനം ക്രിസ്ത്യന്‍ സമുദായാംഗങ്ങളും ചികിത്സക്ക് വരുന്നതായി കാണുന്നു. ഇതില്‍ 35 ശതമാനവും പരാലിസിസുമായി ബന്ധപ്പെട്ട കേസുകളാണ്. ജനസംഖ്യയില്‍ ശരാശരിയുള്ള മുസ്ലിം ജനവിഭാഗങ്ങളില്‍ അസുഖത്തിന്‍െറ കാര്യത്തില്‍ വളരെ മുന്നിലാണ്. നാട്ടില്‍ മൂന്ന് ഭാഗം! ഒരു സമൂഹ ചികിത്സ ഇവിടെ നേരത്തേ തുടങ്ങിയില്ലെങ്കില്‍ അതിനുള്ള സമയമായി. സന്നദ്ധ പ്രവര്‍ത്തകരും മറ്റു സംഘടനകളുമുണ്ടെങ്കില്‍ ഒരു സേവനം നാടിന്‍െറ മുഖച്ഛായ മാറ്റാന്‍ കാരണമാകുമെങ്കില്‍ അത് സസന്തോഷം സ്വീകരിക്കും.

ചില ലഘു പ്രതിവിധികള്‍
വ്യായാമം- ദിവസം 40 മിനിറ്റ് നടക്കുക. ആഴ്ചയില്‍ അഞ്ചു പ്രാവശ്യം
ഭക്ഷണം: വിശക്കുമ്പോള്‍ മാത്രം, ആവശ്യമുള്ളത് മാത്രം കഴിക്കുക.
പുകവലി, മദ്യപാനം തീര്‍ത്തും ഒഴിവാക്കുക.
ഭാരം: നമ്മുടെ ഉയരത്തിനാനുപാതികമായി (BMI) 20-25 ല്‍ നിജപ്പെടുത്തുക.
പ്രഷര്‍ 120/80, ഷുഗര്‍ 100-120, കൊളസ്ട്രോള്‍ 150 എന്ന തോതില്‍ കൊണ്ടുവരുക.
അരയുടെ ചുറ്റളവ് 70 cm ലേക്ക് എത്തിക്കാന്‍ ശ്രമിക്കുക.
മത്സ്യം കഴിക്കുക, ചിക്കന്‍ ആവശ്യത്തിന് മാത്രം, ബീഫ്, മട്ടന്‍ കഴിയുന്നതും കുറക്കുക, കോഴിമുട്ടയുടെ മഞ്ഞ ഒഴിവാക്കുക. പച്ചക്കറി- വീട്ടില്‍ തന്നെ കൃഷിചെയ്ത് കീടനാശിനികള്‍ തളിക്കാത്തവ ഉപയോഗിക്കുക.
ചിക്കന്‍/ മട്ടന്‍ ആഴ്ചയില്‍ ഒരിക്കലാക്കി കുറക്കാന്‍ ശ്രമിക്കുക.
അസുഖങ്ങളെക്കുറിച്ച് ധാരാളം വായിച്ച് അറിവ് നേടുക, സംശയം നിവര്‍ത്തിക്കുക.
അസുഖം വന്നാല്‍ ചികിത്സ ഒരിക്കലും മുടക്കരുത്. കാരണം, ഒരാഴ്ച ആസ്പിരിന്‍ പോലത്തെ മരുന്നുകള്‍ നിര്‍ത്തിയാല്‍ പരാലിസിസ് വീണ്ടും വരുന്നതാണ്.
ECG/ECHO- ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമുണ്ടെങ്കില്‍ ചെയ്യുക.
രക്തം കട്ടപിടിക്കല്‍ നിര്‍ത്താനുള്ള മരുന്നുകള്‍ കഴിക്കുക. ഓരോ മാസവും PT/INR നോക്കി ക്രമപ്പെടുത്തുക.
സ്ഥിരമായ ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി
സല്‍ക്കാരം- സ്നേഹം പ്രകടിപ്പിക്കുന്ന വിധം നാം നിര്‍ത്തേണ്ടിയിരിക്കുന്നു. അതിഥി വന്നാല്‍ മധുരം കൊടുക്കുന്ന ശീലം ഉപേക്ഷിക്കുക. പഴയ സംഭാരം, മോര് തുടങ്ങിയവ ഇനിമുതല്‍ ശീലമാക്കുക.
ബേക്കറി/ മധുരപലഹാരങ്ങള്‍ വീടുകളില്‍ ശേഖരിക്കാതിരിക്കുക.
ഒരു കലോറി പ്ളാന്‍ വീടിനുവേണ്ടി തയാറാക്കുക.
ഹോട്ടലുകളിലും ബേക്കറികളിലും പ്രമേഹരോഗികള്‍ക്ക് പ്രത്യേക ഭക്ഷണങ്ങള്‍/ കൗണ്ടര്‍ തുടങ്ങുക.
കൃത്യമായ ഹെല്‍ത്ത് ചെക്കപ്പ്.
ശ്രദ്ധിക്കുക, അസുഖത്തിന്‍െറ നാമ്പുകള്‍ കുട്ടികളുടെ പ്രായത്തില്‍ തന്നെ തുടങ്ങുന്നു. കുട്ടികള്‍ക്ക് ദുര്‍മേദസ്സ് വരാതെ അവരെ കഴിയുന്നത്ര ആരോഗ്യ / സ്പോര്‍ട്സ് മേഖലകളില്‍ താല്‍പര്യം ജനിപ്പിക്കുക.
ഹൃദയാഘാതം, പരാലിസിസ് ഇവ ഒരു നാണയത്തിന്‍െറ
ഇരു വശങ്ങളാണെന്ന് ജനം തിരിച്ചറിയുക.
അതുവഴി നല്ലൊരു നാളേക്ക് നമുക്ക് തുടക്കമിട്ട് മുന്നേറാം.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍റ് ന്യൂറോളജിസ്റ്റാണ് ലേഖകന്‍

Post Top Ad

Responsive Ads Here