കുഞ്ഞുങ്ങളിലെ ചെവിവേദന നേരത്തെ കണ്ടെത്തി ചികിത്സിക്കുക - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 13 April 2015

കുഞ്ഞുങ്ങളിലെ ചെവിവേദന നേരത്തെ കണ്ടെത്തി ചികിത്സിക്കുക


കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ചെവിവേദന ശരിയായ ചികില്‍സ ലഭിക്കാത്തപക്ഷം പിന്നീട് കേള്‍വിക്കുറവിനു കാരണമായേക്കും. ഇടക്കിടക്ക് ഉണ്ടാകുന്ന ജലദോഷത്തെയും മൂക്കടപ്പിനെയും തുടര്‍ന്ന് കുട്ടികള്‍ക്ക് ചെവിവേദനയുണ്ടാകുന്നത് അപൂര്‍വമല്ല. ലളിതമായ ചികില്‍സകൊണ്ട് മാറ്റിയെടുക്കാവുന്ന ഈ രോഗം പക്ഷേ, തുടര്‍ച്ചയായി അവഗണിച്ചാല്‍ കര്‍ണപുടത്തില്‍ ദ്വാരംവീഴാനും അത് കേള്‍വിയെ ബാധിക്കാനുമിടയാക്കും.

ചെവിക്കുള്ളിലെ കര്‍ണപുടം എന്ന നേര്‍ത്ത പാടയാണ് നമ്മളെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സഹായിക്കുന്ന അവയവങ്ങളില്‍ പ്രധാനം. ഇതിന് തൊട്ടുപിറകിലെ മധ്യകര്‍ണത്തില്‍ പഴുപ്പ് നിറയുകയും, ശ്രദ്ധിക്കാത്തപക്ഷം ഈ പഴുപ്പ് കര്‍ണപുടം പൊട്ടി പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഇതാണ് ചെവിയൊലിപ്പ് എന്നപേരില്‍ അറിയപ്പെടുന്നത്. പഴുപ്പ് പുറത്തേക്കൊഴുകാനായി കര്‍ണപുടത്തില്‍ രൂപപ്പെടുന്ന ദ്വാരമാണ് പലപ്പോഴും പിന്നീട് കേള്‍വിക്കുറവിനു കാരണമാകുന്നത്.
ചെറിയ കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന നേര്‍ത്ത കേള്‍വിക്കുറവ് അധികവും ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്. വിളിച്ചാല്‍ കേള്‍ക്കാതിരിക്കുക, പറഞ്ഞത് അനുസരിക്കാതിരിക്കുക, പഠനത്തില്‍ പിറകോട്ടുപോവുക എന്നിവ പലപ്പോഴും കേള്‍വിക്കുറവിനെത്തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളായേക്കാം. എന്നാലിത് കുട്ടികളുടെ ശ്രദ്ധക്കുറവായും അനുസരണക്കേടായും പഠിക്കാനുള്ള മടിയായും മറ്റും വിലയിരുത്തി അവഗണിക്കുകയാണ് മിക്ക മാതാപിതാക്കളും ചെയ്യുന്നത്. പിന്നീട് കുട്ടി വലുതായിക്കഴിയുമ്പോഴാണ് കേള്‍വിക്കുറവിനെ തിരിച്ചറിയുന്നതും ചികില്‍സതേടുന്നതും. എന്നാല്‍, തുടക്കത്തില്‍ ഒരല്‍പം ശ്രദ്ധനല്‍കിയാല്‍ ഭാവിയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാം.
തൊണ്ട, ചെവി, മൂക്ക് എന്നിവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന അവയവങ്ങളാണ്. ഇതില്‍ തൊണ്ടയെയും മധ്യകര്‍ണത്തെയും ബന്ധിപ്പിക്കുന്ന ‘യൂസ്റ്റേഷ്യന്‍ ട്യൂബ്’ എന്നറിയപ്പെടുന്ന നേര്‍ത്ത കുഴലില്‍ ഉണ്ടാകുന്ന തടസ്സങ്ങളോ മറ്റു വൈകല്യങ്ങളോ ആണ് ചെവിക്കുള്ളില്‍ പഴുപ്പുനിറയാനും വേദനയുണ്ടാകാനും കാരണമായി തീരുന്നത്.
ജലദോഷത്തെത്തുടര്‍ന്ന് മൂക്കിലും തൊണ്ടയിലും രൂപപ്പെടുന്ന മൂക്കള അഥവാ കഫം ഈ കുഴലിലൂടെ മധ്യകര്‍ണത്തില്‍ നിറയുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. മധ്യകര്‍ണത്തില്‍ കെട്ടിനില്‍ക്കുന്ന ഈ ദ്രവത്തില്‍ രോഗാണുക്കള്‍ വര്‍ധിച്ച് പഴുപ്പായി രൂപപ്പെടുമ്പോഴാണ് വേദന അനുഭവപ്പെടുക.
ചെറിയ കുട്ടികള്‍ നിര്‍ത്താതെ, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ കരയുക, ചെവി പിടിച്ചുവലിക്കുക തുടങ്ങിയവ കണ്ടാല്‍ സാധാരണ ചെവിവേദനയാണെന്ന് അനുമാനിക്കാം. ജലദോഷത്തെത്തുടര്‍ന്നാണ് ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നതെങ്കില്‍ ചെവിവേദനയാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടനെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.
അഞ്ചു വയസ്സിനിടയില്‍ ചുരുങ്ങിയത് രണ്ടുതവണയെങ്കിലും ചെവിവേദന അനുഭവപ്പെടാത്ത കുട്ടികള്‍ അപൂര്‍വമാണ്. എന്നാല്‍, ഇടക്കിടക്ക് അനുഭവപ്പെടുന്ന ചെവിവേദന കൂടുതല്‍ ശ്രദ്ധ ആവശ്യമായിവരുന്ന രോഗാവസ്ഥയാണ്. മധ്യകര്‍ണത്തില്‍ കെട്ടിനില്‍ക്കുന്ന പഴുപ്പ് കര്‍ണപുടത്തില്‍ ദ്വാരമുണ്ടാക്കുന്നതിനുപുറമെ ചെവിയുടെ ഉള്‍ഭാഗത്തെ കട്ടികുറഞ്ഞ എല്ലുകളെ ബാധിച്ചേക്കാം. ഈ എല്ലുകളിലേക്ക് വ്യാപിക്കുന്ന പഴുപ്പ് തലച്ചോറിലേക്കും പടരാം. തുടര്‍ന്ന് മാരകമായ മെനിഞ്ചൈറ്റിസ് രോഗമായി മാറാനും സാധ്യതയുണ്ട്. ഇത്തരം ഘട്ടത്തില്‍ ശ്രദ്ധാപൂര്‍വമായ വിദഗ്ധ ചികില്‍സ ആവശ്യമായിവരും.
മീസില്‍സ്, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളോടനുബന്ധിച്ച് വരുന്ന ജലദോഷവും തുടര്‍ന്നുണ്ടാകുന്ന പഴുപ്പും കേള്‍വിയെ നന്നായി ബാധിക്കാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ജലദോഷമാണ് പലപ്പോഴും ചെവിവേദനക്ക് കൂടുതല്‍ കാരണമായിത്തീരുന്നത്.
വേദനസംഹാരികള്‍, അലര്‍ജിക്കുള്ള ആന്‍റി ഹിസ്റ്റമിനുകള്‍, പഴുപ്പ് നിയന്ത്രിക്കാനുള്ള ആന്‍റിബയോട്ടിക്കുകള്‍, പനിയുണ്ടെങ്കില്‍ പാരസെറ്റമോള്‍, മൂക്കിലൊഴിക്കാനുള്ള ഡ്രോപ്സുകള്‍ എന്നിവയാണ് സാധാരണ ചെവിവേദനക്ക് നല്‍കിവരുന്ന ചികില്‍സകള്‍. പഴുപ്പ് പുറത്തേക്കൊഴുകാനായി കര്‍ണപുടത്തിലുണ്ടാകുന്ന ദ്വാരം വലുതാവുകയോ സ്ഥായിയായി നിലനില്‍ക്കുകയോ ചെയ്യുന്നപക്ഷം ശസ്ത്രക്രിയയിലൂടെ ഈ ദ്വാരം അടക്കേണ്ടിവരും. ചില അവസരങ്ങളില്‍ മധ്യകര്‍ണത്തിലെ പഴുപ്പ് കുത്തിയെടുത്ത് കളയേണ്ടിവരാറുമുണ്ട്.
ചെവിവേദനക്ക് ചികില്‍സതേടുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. ആന്‍റിബയോട്ടിക്കുകള്‍ ആവശ്യമായിവരുന്നപക്ഷം ഡോക്ടര്‍ പറയുന്ന അളവിലും കാലയളവിലും അവ നല്‍കേണ്ടതാണ്. ചികില്‍സ തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനകം ചെവിവേദന കുറയുകയോ പൂര്‍ണമായി മാറുകയോ ചെയ്താലും ആന്‍റിബയോട്ടിക്കുകള്‍ നിര്‍ദേശിച്ച മുഴുവന്‍ ഡോസും കഴിക്കേണ്ടതാണ്. അല്ലാത്തപക്ഷം മധ്യകര്‍ണത്തിലെ ദ്രവത്തില്‍ ബാധിച്ച രോഗാണുക്കള്‍ മുഴുവനായി നശിക്കാതെ കിടക്കുകയും രോഗം ആവര്‍ത്തിക്കുകയും ചെയ്തേക്കും. ഈ ദ്രവത്തിലെ രോഗാണുക്കള്‍ നശിച്ചാല്‍ തന്നെയും രോഗാണുമുക്തമായ ദ്രവം പുറത്തേക്ക് പോകാതെ അവിടെ സ്ഥിരമായി നില്‍ക്കുകയും ഇതും കേള്‍വിക്കുറവിന് കാരണമാവുകയും ചെയ്യും.
കുട്ടികള്‍ക്ക് ജലദോഷം പിടിപെട്ടാല്‍ ഉടന്‍ ശ്രദ്ധയോടെയുള്ള പരിചരണം നല്‍കുകയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള എളുപ്പവഴി. നീണ്ടുനില്‍ക്കുന്ന ജലദോഷവും മൂക്കള കട്ടിയുള്ളതായി മാറുന്നതും മഞ്ഞനിറത്തിലാകുന്നതും ചികില്‍സ തേടേണ്ട അവസ്ഥയാണ്. കൂര്‍ക്കംവലി ഉള്ളവരിലും മൂക്കില്‍ ദശ, സൈനസൈറ്റിസ് എന്ന രോഗങ്ങളുള്ളവരിലും ചെവിവേദനക്കുള്ള സാധ്യത കൂടുതലാണ്.
ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുമ്പോള്‍ കഴിയുന്നതും തല മുകളിലേക്കാക്കി മടിയിലിരുത്തി നല്‍കാന്‍ ശ്രമിക്കണം. കിടത്തി മുലയൂട്ടുമ്പോള്‍ മുലപ്പാല്‍ തരിപ്പില്‍പോകാനും യൂസ്റ്റേഷ്യന്‍ ട്യൂബിലൂടെ മധ്യകര്‍ണത്തിലെത്തി അവിടെ പഴുപ്പ് രൂപപ്പെടാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങളിലുള്ള ശ്രദ്ധയും രോഗപ്രതിരോധത്തിന് ഒരു പരിധിവരെ സഹായകമാകും.

Post Top Ad

Responsive Ads Here