സംസാരവൈകല്യവും കേള്‍വിക്കുറവും - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 13 April 2015

സംസാരവൈകല്യവും കേള്‍വിക്കുറവും


പിറന്നയുടന്‍ തിരിച്ചറിയാന്‍ പ്രയാസമുള്ള ഒരു പ്രശ്നമാണ് കുഞ്ഞിന്‍െറ സംസാരവൈകല്യം. സാധാരണ കുഞ്ഞുങ്ങള്‍ സംസാരിച്ചുതുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും വാക്കുകള്‍ ഉച്ചരിക്കാന്‍ വൈകുമ്പോഴാണ് പലപ്പോഴും മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ സംസാര വൈകല്യത്തെക്കുറിച്ച് ബോധവാന്മാരാവുക. ഇതാകട്ടെ, വളരെ ലാഘവത്തോടെയാണ് പലരും കൈകാര്യം ചെയ്യുന്നത്. ‘ഇവന്‍െറ അച്ഛനും ഇങ്ങനെ വൈകിയാണ് സംസാരിച്ചുതുടങ്ങിയത്’ എന്നോ ‘ഇവളുടെ അമ്മയും ചെറുപ്പത്തില്‍ സംസാരിക്കാന്‍ മടിച്ചിയായിരുന്നു...’ എന്നോ പറഞ്ഞ് പ്രശ്നത്തെ ലളിതമായി കാണാനാണ് അധികപേരും ശ്രമിക്കുക. എന്നാല്‍, എത്രയും നേരത്തേ ചികിത്സ തുടങ്ങുന്നുവോ അത്രയും നേരത്തേ സംസാരവൈകല്യത്തിന് ഫലം ലഭിക്കും.

ഏതൊരു കുഞ്ഞും സംസാരിക്കുന്നത് മറ്റുള്ളവര്‍ പറയുന്നത് കേട്ടാണ്. അതുകൊണ്ടുതന്നെ ഒരു കുഞ്ഞ് സംസാരിക്കാന്‍ വൈകുമ്പോള്‍ ആദ്യം പരിശോധിക്കേണ്ടത് കുഞ്ഞിന് കേള്‍വിക്കുറവുണ്ടോ എന്നാണ്. തീരെ സംസാരിക്കാത്ത കുട്ടികളിലും സംസാരപ്രശ്നങ്ങളുള്ള കുട്ടികളിലും കണ്ടെത്തുന്ന പ്രധാന കാരണം ശ്രവണവൈകല്യമാണ്.
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ കേള്‍വിക്കുറവ് എന്ന അവസ്ഥ പലപ്പോഴും കണ്ടെത്താന്‍ വൈകുന്നതായാണ് കാണുന്നത്. വിദഗ്ധ പരിശോധന നടത്താത്തപക്ഷം കുഞ്ഞിന് ഒന്ന്- ഒന്നര വയസ്സാവുന്നതുവരെ ഈ പ്രശ്നം തിരിച്ചറിയാതെ പോകുന്നു. അതേസമയം, തിരിച്ചറിഞ്ഞ് പരിഹാരം കാണുമ്പോഴേക്കും ചികിത്സ ആരംഭിക്കേണ്ട സമയം വൈകുകയും ചെയ്യുന്നു.
എന്നാല്‍, സമീപകാലത്തായി ഇത്തരം പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ മിക്ക ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നവജാത ശിശുക്കളിലെ കേള്‍വി പരിശോധനക്കായി സാധാരണയായി രണ്ട് മാര്‍ഗങ്ങളാണ് അവലംബിച്ചുവരുന്നത്. ഇ.ഒ.എ.ഇ പരിശോധനയാണ് ഇതിലൊന്ന്. ഇവോക്ഡ് ഓട്ടോ അക്വസ്റ്റിക് എമിഷന്‍സ് എന്നാണ് ഇതിന്‍െറ മുഴുവന്‍ പേര്. ആന്തര കര്‍ണത്തിന്‍െറ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യാവുന്ന പരിശോധനയാണിത്. മറ്റൊന്ന് ബി.എ.ഇ.ആര്‍ എന്ന ബ്രെയില്‍ സ്റ്റം ഓഡിറ്ററി ഇവോക്ഡ് റെസ്പോണ്‍സ് എന്ന പരിശോധനയാണ്. ഇതിലൂടെ ആന്തര കര്‍ണം മുതല്‍ തലച്ചോറുവരെയുള്ള ശ്രവണ ഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താവുന്നതാണ്. ഇത്തരത്തിലുള്ള പരിശോധനകളിലൂടെ കേള്‍വിക്കുറവ് കണ്ടെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഉടന്‍ ചികിത്സയാരംഭിക്കാനാവും. ആറുമാസം പ്രായമാകും മുമ്പുതന്നെ കേള്‍വിപ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനായാല്‍ ഭാവിയില്‍ കുഞ്ഞ് നേരിട്ടേക്കാവുന്ന ഭാഷാശേഷിക്കുറവും സംസാരവൈകല്യവും വലിയൊരളവുവരെ പരിഹരിക്കാനാവും.
കുട്ടികളില്‍ കണ്ടുവരുന്ന കേള്‍വിക്കുറവിന് പല കാരണങ്ങളുണ്ട്. ബാഹ്യകര്‍ണത്തിന്‍െറയോ മധ്യകര്‍ണത്തിന്‍െറയോ പ്രശ്നങ്ങള്‍ മരുന്നുകൊണ്ടും ശസ്ത്രക്രിയകൊണ്ടും പരിഹരിക്കാനാവുമെങ്കില്‍ ആന്തര കര്‍ണത്തിന്‍െറയോ ഞരമ്പുകളുടെയോ തകരാറുകള്‍ മൂലമുള്ള കേള്‍വിക്കുറവിന് ശ്രവണ സഹായികളെ ആശ്രയിക്കേണ്ടിവരും. ആധുനിക സാങ്കേതിക രംഗത്തുണ്ടായ കുതിച്ചുചാട്ടങ്ങളുടെ ഫലമായി, ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ളതും അതേസമയം വളരെ ചെറുതുമായ ശ്രവണ സഹായികള്‍ വിപണിയില്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍, ഒരു വ്യക്തി ശ്രവണസഹായി ഉപയോയിക്കുന്നതിന് മുമ്പായി ഒരു വിദഗ്ധ ഡോക്ടറുടെയോ ഓഡിയോളജിസ്റ്റിന്‍െറയോ സഹായം തേടേണ്ടതാണ്.
രക്ഷിതാക്കളുടെ ക്ഷമയോടെയുള്ള സഹകരണമുണ്ടെങ്കില്‍ മാത്രമേ ചെറിയ കുട്ടികള്‍ക്ക് കൃത്യമായ ശ്രവണ സഹായികള്‍ നിര്‍ദേശിക്കാന്‍ ഓഡിയോളജിസ്റ്റിന് കഴിയുകയുള്ളു.
കുട്ടികള്‍ ശ്രവണസഹായി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉറങ്ങുകയും കുളിക്കുകയും ചെയ്യുന്ന സമയങ്ങളിലൊഴികെ എല്ലായിപ്പോഴും ഇവ ഉപയോഗിക്കുന്നതാണ് നല്ലത്. കൂടുതല്‍ വ്യത്യസ്തങ്ങളായ ശബ്ദങ്ങള്‍ കേള്‍ക്കാനും അവയോട് പ്രതികരിക്കാനും ഇത് അവസരം നല്‍കുകയും പെട്ടെന്നുള്ള ഫലപ്രാപ്തി നല്‍കുകയും ചെയ്യുന്നു.
കുട്ടികളുടെ കാര്യത്തില്‍ സംസാരവൈകല്യങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ ശ്രവണസഹായികള്‍ ഉപേക്ഷിക്കുന്ന ഒരു പ്രവണതയുണ്ട്. എന്നാലിത് തെറ്റായ കാര്യമാണ്. സംസാരശേഷി കൈവരിക്കുകമാത്രമല്ല, ഭാഷയെ മെച്ചപ്പെടുത്താനും പുതിയ ശബ്ദങ്ങള്‍ ആസ്വദിക്കാനും അവയോട് പ്രതികരിക്കാനും ശ്രവണസഹായികള്‍ തുടര്‍ന്നും ഉപയോഗിക്കേണ്ടതുണ്ട്.
കേള്‍വിക്കുറവ് ഒരു വ്യക്തിയുടെ സാമൂഹിക-ഔദ്യാഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ എത്രയുംപെട്ടെന്ന് ചികിത്സാസഹായം തേടേണ്ടതായിട്ടുണ്ട്. മുതിര്‍ന്നവരില്‍ കേള്‍വിക്കുറവുണ്ടെന്ന് സംശയം തോന്നുന്നപക്ഷം ഉടന്‍ ഒരു ഓഡിയോളജിസ്റ്റിനെ സമീപിച്ച് ശ്രവണ പരിശോധന നടത്തേണ്ടതാണ്. പരിശോധനയിലൂടെ കേള്‍വിക്കുറവിന്‍െറ കാരണം കണ്ടെത്തി ഓഡിയോളജിസ്റ്റിന്‍െറയും ഇ.എന്‍.ടി വിദഗ്ധന്‍െറയും സഹായത്തോടെ വിദഗ്ധ ചികിത്സ ആരംഭിക്കണം.
മധ്യകര്‍ണത്തിലെ അണുബാധപോലുള്ള പ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ നല്‍കുമ്പോള്‍ ആന്തരകര്‍ണത്തിന്‍െറ തകരാറുകള്‍ക്ക് പലപ്പോഴും മരുന്നുകള്‍ക്കൊപ്പം ശ്രവണ സഹായികള്‍ ഉപയോഗിക്കുകയോ കോക്ളിയാര്‍ ഇംപ്ളാന്‍റ് പോലുള്ള ആധുനിക ചികിത്സകള്‍ അവലംബിക്കുകയോ ചെയ്യേണ്ടതാണ്.

Post Top Ad

Responsive Ads Here